വാരാപ്പുഴ കസ്റ്റഡി മരണം; മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ; മരണം മര്‍ദനമേറ്റു തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

വാരാപ്പുഴ ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് .യുവാവ് മരിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തതായി ആലുവ റൂറല്‍ എസ്.പി അറിയിച്ചു. കസ്റ്റഡിയിലെടുത്ത പൊലീസുകാര്‍ക്കെതിരെയാണ് നടപടി. പൊലീസുകാരായ സന്തോഷ്, ജിതിന്‍, സുരേഷ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. എസ് ഐക്കെതിരെ ഇപ്പോള്‍ നടപടിയില്ലെന്ന് റൂറല്‍ എസ്പി വ്യക്തമാക്കി.

ശ്രീജിത്തിന്റെ മരണം മര്‍ദനമേറ്റതിനെ തുടര്‍ന്ന് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിന് മര്‍ദനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതായും മുറിവുകള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ശരീരത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ശരീരമാസകലം മര്‍ദനമേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.പോലീസ് സര്‍ജന്‍ ഡോ.സക്കറിയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

വയറ്റില്‍ ആഴത്തില്‍ മുറിവേറ്റതായും ആന്തരീകാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പൊലീസിന്റെ മര്‍ദനത്തിനെതിരെയുള്ള നിര്‍ണായക തെളിവുകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്.

ശ്രീജിത്തിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച സമയത്ത് തന്നെ ആന്തരികാവയങ്ങള്‍ തകര്‍ന്നതായും ചെറുകുടലിനും, അടിവയറ്റിനും മുറിവേറ്റിരുന്നതായും വ്യക്തമാക്കുന്ന ചികിത്സാ രേഖകള്‍ നേരത്തെതന്നെ പുറത്തു വന്നിരുന്നു. ഇവയെ സാധൂകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ശ്രീജിത്തിന്‍റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കുകയും കുറ്റവാളികള്‍ക്കെതിരെ കളക്ടര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി. ഇതിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ച് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.

© 2024 Live Kerala News. All Rights Reserved.