വിവര ചോര്‍ച്ച; ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നിയാക് ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ചു

ന്യയോര്‍ക്ക്: ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നിയാക് ഫെയ്‌സ്ബുക്കില്‍ നിന്നും തന്റെ അക്കൗണ്ട് നീക്കം ചെയ്തു. ഫെയ്‌സ്ബുക്ക് വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ തുടര്‍ന്നാണ് അദ്ദേഹം അക്കൗണ്ട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റു പണമുണ്ടാക്കുന്നതിന് എതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ ഫെയ്‌സ്ബുക്ക് വിട്ടതെന്ന് സ്റ്റീവ് പറഞ്ഞു.

ഉപയോക്താക്കള്‍ തങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഈ വ്യക്തിവിവരങ്ങള്‍ കൈമാറി ഫേസ്ബുക്ക് പരസ്യവരുമാനം ഉണ്ടാക്കുകയാണെന്നും ഉപയോക്താക്കള്‍ക്കു യാതൊരു പ്രയോജനം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആപ്പിള്‍ മികച്ച ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് പണമുണ്ടാകുന്നത്. അല്ലാതെ നിങ്ങളെ വിറ്റഴിച്ചല്ലെന്നും ഫെയ്‌സ്ബുക്കിന് ഉപഭോക്താക്കളൊരു ഉല്‍പന്നം മാത്രമാണെന്നും സ്റ്റീവ് കുറ്റപ്പെടുത്തി.

അമേരിക്കയില്‍ ഏഴു കോടിയും യുകെയില്‍ പത്തു ലക്ഷവും, ഇന്ത്യയില്‍ അഞ്ചര ലക്ഷം ഉപയോക്താക്കളുടെ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് സ്ഥിരീകരിച്ചത്. ഡാറ്റാ ചോര്‍ച്ച അന്വേഷിക്കുന്ന കമ്മീഷനു മുന്നില്‍ എത്തുന്നതിനായുള്ള തയാറെടുപ്പിലാണ് ഫെയ്‌സ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്.