പലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ; മരണം 17 ആയി

ഗാസ സിറ്റി: പലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയതായി പലസ്തീര്‍ അധികൃതര്‍ സ്ഥീരീകരിച്ചു. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റു. ഭൂ ദിനത്തോടനുബന്ധിച്ച്(യൗമുല്‍ അര്‍ദ്) ഗസ്സ അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെയാണ് അധിനിവേശസേനയുടെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ഗസ്സയിലെ ഖാന്‍ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കര്‍ഷകനും കൊല്ലപ്പെട്ടിരുന്നു. സമീപകാലത്ത് ഗാസയിലുണ്ടായ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നാണ് ഇപ്പോള്‍ നടക്കുന്നത്.

തെക്കന്‍ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഇരുപത്തിയേഴുകാരനായ ഒരു കര്‍ഷകനാണു കൊല്ലപ്പെട്ടത്. അതിര്‍ത്തിവേലിക്കു സമീപമുണ്ടായ കല്ലേറില്‍ രണ്ടാമത്തെയാളും കൊല്ലപ്പെട്ടു. ഒന്‍പതു വയസ്സുള്ള കുട്ടിക്ക് ഉള്‍പ്പെടെയാണു വെടിവയ്പില്‍ പരുക്കേറ്റിരിക്കുന്നത്. അതേസമയം തെക്കന്‍ ഗാസയില്‍ സുരക്ഷാവേലിക്കു സമീപം സംശയാസ്പദമായ രീതിയില്‍ ‘പ്രവര്‍ത്തന’ങ്ങളിലേര്‍പ്പെട്ട രണ്ടു പേര്‍ക്കു നേരെയാണ് തങ്ങള്‍ ഷെല്ലാക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പ്രതികരിച്ചു. എന്നാല്‍ വയലില്‍ പണിയെടുത്തു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇവര്‍ക്കു നേരെ ആക്രമണമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു