ആറ് വർഷങ്ങൾക്ക് ശേഷം മലാല പാകിസ്താനിൽ; സുരക്ഷ ശക്തം

നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ് പാകിസ്താനില്‍ തിരിച്ചെത്തി. പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. താലിബാൻ ഭീകരർ മലാലയ്‌ക്കെതിരെ നടത്തിയ അക്രമത്തിന് ശേഷം ഇതാദ്യമായാണ് മലാല പാകിസ്താനിൽ എത്തുന്നത്. ആറു വർഷങ്ങൾക്ക് മുൻപാണ് ഭീകരർ മലാലയ്ക്ക് നേരെ വെടിയുതിർത്തത്.

സുരക്ഷാ കാരണങ്ങളാല്‍ മലാലയുടെ പാകിസ്താന്‍ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മലാല പാകിസ്താനില്‍ തിരിച്ചെത്തിയാല്‍ വധിക്കുമെന്ന് താലിബാന്‍ നേരത്തേ ഭീഷണിയുയര്‍ത്തിയിരുന്നു. പാകിസ്താനിലെ സ്വാത് താഴ്വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ച മലാലയെ 2012 ഒക്ടോബറിലാണ് താലിബാന്‍ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ മലാല പിന്നീട് ലണ്ടനില്‍ ചികിത്സതേടുകയും ആരോഗ്യം വീണ്ടെടുത്തശേഷം അവിടെത്തന്നെ വിദ്യാഭ്യാസം ചെയ്തുവരികയുമാണ്. നിലവിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയർത്തുന്ന മലാലയ്ക്ക് ലോകം നോബൽ സമ്മാനം നൽകി ആദരിച്ചിരുന്നു. സമാധാനത്തിനുള്ള നോബൽ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.