കൊറിയയില്‍ സമാധാന ശ്രമങ്ങള്‍; കൂടിക്കാഴ്ചയ്ക്കു ‘തീയതിയും സ്ഥലവും’ കുറിച്ച് കിം ജോങ് ഉന്‍

സോള്‍: ഉത്തര-ദക്ഷിണ കൊറിയ സമാധാനശ്രമങ്ങളെ കരയ്ക്കടുപ്പിക്കാന്‍ തയാറായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഇരു രാജ്യങ്ങളും നടത്തിയ ഉന്നതതല ചര്‍ച്ചയില്‍ ദക്ഷിണ കൊറിയ മുന്നോട്ടുവച്ച ഉപാധികള്‍ ഉത്തര കൊറിയ അംഗീകരിച്ചു. ഏപ്രില്‍ അവസാനം നടക്കുന്ന കൊറിയന്‍ ഉച്ചകോടിയുടെ അജന്‍ഡ നിശ്ചയിക്കാന്‍ 29ന് ഇരു രാജ്യങ്ങളുടെയും ഉന്നതതല യോഗം നടക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, ഉത്തര കൊറിയയില്‍ ഏപ്രില്‍ 11-നു വാര്‍ഷിക പാര്‍ലമെന്റ് സമ്മേളനം ചേരും. ഔപചാരിക രാഷ്ട്രത്തലവന്‍ കിം യോങ് നാം സ്ഥാനം ഒഴിയുമെന്നും പകരം ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി റി യോങ് ഹോ ആ പദവിഏറ്റെടുക്കുമെന്നുമാണ് സൂചന. ലോകരാജ്യങ്ങളുമായി നല്ല ബന്ധം സൃഷ്ടിക്കാന്‍ കിം ജോങ് ഉന്‍ ഒരുങ്ങുന്നതിന്റെ സൂചനയായാണു നേതൃമാറ്റത്തെയും സമാധാന ചര്‍ച്ചകളെയും വിദഗ്ധര്‍ വീക്ഷിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള ഉത്തര കൊറിയന്‍ പ്രതിനിധിയുടെ ഫിന്‍ലന്‍ഡ് സന്ദര്‍ശനം ഫലപ്രദമായിരുന്നെന്ന് ഫിന്നിഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയ, യുഎസ്, ദക്ഷിണകൊറിയ രാഷ്ട്രങ്ങളില്‍ നിന്ന് 18 പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചോ കാങ്ങാണ് ഉത്തരകൊറിയയ്ക്കുവേണ്ടി പങ്കെടുത്തത്. എന്നാല്‍ യോഗത്തിന്റെ മുഖ്യ അജന്‍ഡ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയ സ്വീഡനുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ആണവ, മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നു പിന്‍മാറാന്‍ ഉത്തരകൊറിയ ഇതുവരെ തയാറായിട്ടില്ല. മെയ് മാസത്തോടു കൂടി സ്വീഡനില്‍ വച്ച് ട്രംപ് കിമ്മുമായി കൂടിക്കഴ്ച നടത്തുമെന്നാണ് സൂചന.