കീഴാറ്റൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാടുകാവൽ സമരം ഇന്ന്

തളിപ്പറമ്പ്: കീഴാറ്റൂരിൽ നടക്കുന്ന വയല്‍ക്കിളി സമരത്തിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാടുകാവൽ സമരം ഇന്ന്. വയൽക്കിളി കർഷക കൂട്ടായ്മയുടെ രണ്ടാംഘട്ട സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്നു സിപിഎം ബദല്‍ സമരം തുടങ്ങുന്നത്. സമരം‌ സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

വയൽനികത്തി ബൈപാസ് റോ‍ഡ് നിർമിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ രണ്ടാംഘട്ട സമരം നാളെ ആരംഭിക്കുകയാണ്. അതേസമയം കീഴാറ്റൂരിൽ പുറത്തുനിന്നുള്ളവർ ഇടപെട്ടു സംഘർഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചു സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണു നാടുകാവൽ‌ സമരം എന്ന പേരിൽ കീഴാറ്റൂരിൽ നിന്നു തളിപ്പറമ്പിലേക്കു മാർച്ച് സംഘടിപ്പിക്കുന്നത്. തളിപ്പറമ്പിൽ നിന്നു കീഴാറ്റൂരിലേക്കു വയൽക്കിളികള്‍ നടത്താനിരിക്കുന്ന മാർച്ചിനു പൊലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. പൊലീസുമായി ചർച്ച നടത്തിയെങ്കിലും ഇന്നത്തെ സിപിഎം മാർച്ചിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കാമെന്നാണു പൊലീസ് നിലപാട്.

ബൈപാസ് വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വം നിലപാടു മയപ്പെടുത്തിയതു പ്രശ്നപരിഹാര സാധ്യതയ്ക്കു വഴിതുറന്നിട്ടുണ്ട്. ബൈപാസ് ഒഴിവാക്കി തളിപ്പറമ്പ് പട്ടണത്തിലെ നിലവിലെ റോഡ് വീതികൂട്ടിയും മേൽപാലം നിർമിച്ചും ദേശീയപാത വികസിപ്പിക്കണമെന്ന നിർദേശത്തോട് എതിർപ്പില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ജി.സുധാകരനും വ്യക്തമാക്കിയിരുന്നു.