കുവൈത്തില്‍ ഒരാഴ്ചക്കിടെ ആയിരത്തിലധികം പ്രവാസികള്‍ പിടിയില്‍; പൊതുമാപ്പ് കാലയളവിലും പരിശോധനകള്‍ തുടരുന്നു

പൊതുമാപ്പ് കലയളവിലും രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളില്‍ പരിശോധനകള്‍ തുടരുമെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി. പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമ-ലംഘകരായ ആയിരത്തിലധികം പ്രവാസികളാണ് പിടിയിലായിരിക്കുന്നത്.

പൊതുസുരക്ഷാകാര്യ ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ താരഹിന്റെ മേല്‍നോട്ടത്തില്‍ ഈ മാസം 11 മുതല്‍ 17 വരെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് നിയമലംഘകരായ 1,041 വിദേശികള്‍ പിടിയിലായത്. പരിശോധനകള്‍ക്കായി 315 സുരക്ഷാ ചെക്ക്പോയിന്റുകള്‍ സ്ഥാപിച്ചിരുന്നു പരിശോധനകള്‍. ഒളിച്ചോടല്‍, ക്രിമിനല്‍, സിവില്‍ കേസുകളില്‍ ഉള്‍പ്പെട്ട 253 പേരും താമസവിസ നിയമം ലംഘിച്ചു കഴിയുന്ന 597 പേരും മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട് 70 പേരും കൂടാതെ,തെരുവു കച്ചവടക്കാരും ചെറിയ ജോലികള്‍ ചെയ്ത് രാജ്യത്ത് തങ്ങുന്നവരുമായ 77 പേരുമാണ് പിടിയിലായത്.

നിയമം ലംഘിക്കുകയും പോലീസ് തെരയുകയും ചെയ്യുന്നവര്‍ക്ക് അഭയം നല്‍കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വദേശികളോടും വിദേശികളോടുമായി അഭ്യര്‍ഥിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ന്നും പതിവായി പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയത്ത് തന്നെ ഗതാഗതനിയമം ലംഘിച്ച 1,424 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 109 വാഹനങ്ങള്‍ കസ്റ്റപിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.