ഭൂമി കൈമാറ്റ വിവാദം; ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ശബരീനാഥ്

തിരുവനന്തപുരം: വര്‍ക്കലയിലെ ഭൂമി കൈമാറ്റ വിവാദത്തിനു പിന്നില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട രാഷ്ട്രീയ നീക്കമെന്ന് ശബരീനാഥ് എംഎല്‍എ. വിഷയത്തില്‍ രാഷ്ട്രീയ ധാര്‍മ്മികത പുലര്‍ത്താന്‍ സിപിഐഎം തയ്യാറാകണമെന്നും സംഭവവുമായി ബന്ധപ്പെട്ട് എന്റെ കുടുംബത്തെയും ഭാര്യ ദിവ്യയും വലിച്ചഴിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദത്തില്‍ കുടംബത്തെ വലിച്ചഴിച്ച നടപടി ശരിയായില്ലെന്നും വിഷയത്തെക്കുറിച്ചു അറിയുന്നത് വി.ജോയ് എംഎല്‍എ പറഞ്ഞപ്പോഴാണെന്നും ശബരിനാഥ് പറഞ്ഞു. അതേസമയം തനിക്ക് ആ വിഷയവുമായി യാതൊരു ബന്ധമില്ലെന്നും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്നെ കുറ്റം പറയുന്നതില്‍ കുഴപ്പമില്ല. കുടുംബത്തെ കുറ്റം പറയുന്നത് രാഷ്ട്രീയ ധാര്‍മ്മിതകയ്ക്ക് ചേര്‍ന്നതല്ല. കേരളത്തിലെ ജനങ്ങളില്‍ ആരും വിശ്വസിക്കാത്ത കാര്യമാണ് ഒരു എംഎല്‍എ ആരോപിക്കുന്നത് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.’ ഒരു കേസ് കെട്ടിചമച്ചുണ്ടാക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സബ് കലക്ടര്‍ക്ക് തെറ്റു പറ്റിയതായി വിശ്വസിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തന്റെ യാത്ര രേഖകളും ഫോണ്‍ രേഖകളും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കലക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ് അയ്യരുടെ നടപടി വിവാദമായിരുന്നു. ഈ നടപടി ഉത്തരവ് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.