അവിശ്വാസ പ്രമേയം പരിഗണിച്ചില്ല; ബഹളത്തില്‍ മുങ്ങിയ പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവച്ചു

വൈ എസ് ആര്‍ കോണ്‍ഗ്രസും ടിഡിപിയും മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് ലോക്‌സഭ പരിഗണിച്ചില്ല. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളം ആരംഭിച്ചതോടെയാണ് നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ നിലപാട് എടുത്തത്. ഇതേ തുടര്‍ന്ന് പാര്‍ലമെന്റില്‍ വീണ്ടും ബഹളം ആരംഭിച്ചു.

ലോക്‌സഭ ഒരു മണിവരെയും രാജ്യസഭാ രണ്ടുവരെയും നിര്‍ത്തിവച്ചു. ആന്ധ്രവിഷയമുയര്‍ത്തി ഇരു സഭകളിലും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് ടിഡിപിയാണ്. സഭ ബഹളത്തില്‍ മുങ്ങിയതോടെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ പരിഗണിക്കാതിരുന്നത്.

അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും എ ഐ എ ഡിഎംകെയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിഡിപിക്കു ലോക്‌സഭയില്‍ 16 അംഗങ്ങളുണ്ട്. വൈ എസ് ആര്‍ കോണ്‍ഗ്രസിനു 9 അംഗങ്ങളാനുള്ളത്. 37 അംഗങ്ങള്‍ അണ്ണാ ഡിഎംകെയ്ക്കും. കോണ്‍ഗ്രസിന് 48 ആണ് സഭയിലെ അംഗബലം. ഇടതുപക്ഷത്തിന് ഒന്‍പത് സീറ്റുകളുമാണുള്ളത്. നാലു വര്‍ഷത്തെ ഭരണത്തിനിടെ ഇതാദ്യമായിട്ടാണ് പ്രധാന പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടത്തുന്നത്.

എന്‍ഡിഎ വിട്ട തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്. ഇന്നലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗ്മോഹന്‍ റെഢി കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് അറിയിച്ചിരുന്നു. ബി.ജെ.പിക്കെതിരായ പ്രാദേശിക കക്ഷികളുടെ ഐക്യനീക്കം കരുത്താര്‍ജിക്കുന്നതായാണ് അപ്രതീക്ഷിതമായ അവിശ്വാസപ്രമേയ നീക്കത്തിനുള്ള വര്‍ധിച്ച പിന്തുണ കാണിക്കുന്നത്.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കിക്കൊണ്ട് അധിക കേന്ദ്രസഹായം അനുവദിക്കണമെന്ന ആവശ്യവുമായി തുടര്‍ച്ചയായി ഒമ്പതു ദിവസം പാര്‍ലമന്റെ് സ്തംഭിപ്പിച്ആചു വരുന്ന ആന്ധ്രാ പാര്‍ട്ടികള്‍ മോദിസര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത് ബി.ജെ.പി പാളയത്തില്‍ വലിയ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

ടി.ഡി.പി പോയാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാമെന്ന വിധത്തിലായിരുന്നു ബി.ജെ.പിയില്‍ ഇതുവരെ ചിന്താഗതി. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി കിട്ടണമെങ്കില്‍ 54 എം.പിമാരുടെ പിന്തുണ വേണം. 2017, 2018 വര്‍ഷങ്ങളിലെ 10 ഉപതെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ജയിക്കാന്‍ കഴിയാത്ത ബി.ജെ.പിക്ക് ലോക്സഭയില്‍ ഇപ്പോഴും ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ട്.