എന്താണ് ബോട്യുലിസം?

ന്യൂസിലാന്‍ഡില്‍ വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാസം കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന്റെ നില ഗുരുതരമായി തുടരുന്നു. ന്യൂസീലന്‍ഡിലെ ഹാമില്‍ട്ടണു സമീപം വെയ്ക്കാറ്റോയില്‍ വേട്ടയാടി പിടിച്ച കാട്ടുപന്നിയുടെ (വൈല്‍ഡ് ബോര്‍) മാംസം ഭക്ഷിച്ച മലയാളി കുടുംബാംഗങ്ങളാണ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.ചികിത്സയിലുള്ളവര്‍ക്ക് ഇവര്‍ക്ക് ബോട്യുലിസം ആണെന്നാണ് വൈകാറ്റിയോയിലെ ഹാമില്‍ട്ടണ്‍ ആശുപത്രി വക്താവ് നല്‍കുന്ന സൂചന.
എന്താണ് ബോട്യുലിസം?
ക്ലോസ്‌റീഡിയം ബോട്യുലീനിയം എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന വിഷബാധയാണ് ബോട്യുലിസം. പാകം ചെയ്ത് അടച്ചു വയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍(ക്യാന്‍ഡ് ഫൂഡ്) ആണ് സാധാരണ ക്ലോസ്‌റീഡിയം ബോട്യുലീനിയം ബാക്ടീരിയകള്‍ കണ്ടുവരുന്നത്. ഇറച്ചി വിഭവങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ ഇവയിലെല്ലാം ക്ലോസ്‌റീഡിയം ബോട്യുലീനിയം ബാക്ടീരിയ പടരാന്‍ സാധ്യതയുണ്ട്. അതേസമയം ഷിബു കൊച്ചുമോനും കുടുംബത്തിനും ബോട്യുലിസം ബാധിച്ചിരിക്കുന്നത് കാട്ടുപന്നിയുടെ മാംസം ഭക്ഷിച്ചതിനാലാണ് എന്നു പറയുമ്പോള്‍ ഇത് ക്ലോസ്‌റീഡിയം ബോട്യുലീനിയം മൂലമല്ല, ക്ലോസ്‌റീഡിയം ഷോവെ ബാക്ടീരിയ കാരണം ആകാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. പാകം ചെയ്യാത്ത ഇറച്ചിയില്‍ സാധാരണ ക്ലോസ്‌റീഡിയം ഷോവെയാണ് കണ്ടുവരുന്നത്. മൃഗങ്ങളില്‍ നേരിട്ട് ക്ലോസ്‌റീഡിയം ബോട്യുലീനിയം ബാധിക്കുന്നില്ല. ഇത്തരം വൈറസുകളെ പ്രതിരോധിക്കാന്‍ മൃഗങ്ങള്‍ക്ക് സാധിക്കും. ഒരുപക്ഷേ വേട്ടയാടി പിടിച്ച പന്നിയുടെ മാംസം പഴകിയശേഷം ഉപയോഗിക്കുകയോ, അതല്ലെങ്കില്‍ കൃത്യമായി പാകം ചെയ്യാതെ കഴിച്ചതു മൂലമോ ആകാം ഇവരില്‍ വിഷബാധയേറ്റിരിക്കുന്നതെന്നും കരുതാം. സാഹചര്യങ്ങള്‍ക്കനുസൃതമായാണ് ക്ലോസ്‌റീഡിയം ബോട്യുലിസം, ക്ലോസ്‌റീഡിയം ഷോവെ പോലുള്ള ബാക്ടീരിയകള്‍ പെരുകുന്നത്. അണുബാധയുള്ള പന്നിയുടെ ഇറച്ചി കഴിച്ചതുകൊണ്ടാവാം ഷിബുവിനും കുടുംബത്തിനും വിഷബാധയേറ്റതെന്നു പറയുന്നുണ്ടെങ്കിലും അതിലും കൂടുതല്‍ സാധ്യത അവര്‍ മാംസം ഉപയോഗിച്ച രീതിയില്‍ നിന്നാകാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒന്നുകില്‍ അവര്‍ ആ മാംസം ഫ്രീസറിലോ മറ്റോ ദിവസങ്ങളോളം സൂക്ഷിച്ചതിനുശേഷം ഉപയോഗിച്ചതാവാം. ഇത്തരം സാഹചര്യത്തില്‍ ഇറച്ചിയില്‍ ക്ലോസ്‌റീഡിയം ഷോവെ അതല്ലെങ്കില്‍ ക്ലോസ്‌റീഡിയം ബോട്യുലീനിയം ബാക്ടീരിയകള്‍ പെരുകിയിരിക്കാം. മറ്റൊന്നു മാംസം പാകം ചെയ്ത രീതിയാകാം. അവശ്യമായ വേവ് ഇല്ലാതെയോ മറ്റോ തയ്യാറാക്കി കഴിച്ചിരിക്കാം. മതിയായ വേവില്‍ ബാക്ടീരിയകള്‍ നശിച്ചു പോകും. അതില്ലാതെ വരുമ്പോള്‍ ബാക്ടീരിയകള്‍ ഭക്ഷണപദാര്‍ത്ഥത്തില്‍ നില്‍ക്കുകയും അവ കഴിക്കുന്നതിലൂടെ ശരീരത്തില്‍ വിഷബാധയുണ്ടാവുകയുമാണ്.

ക്ലോസ്‌റീഡിയം ബോട്യുലീനിയം, ക്ലോസ്‌റീഡിയം ഷോവെ തുടങ്ങിയ ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉടനടി ഭക്ഷണം കഴിച്ച വ്യക്തിയില്‍ ഭക്ഷ്യവിഷബാധയേല്‍ക്കുകയാണ്. തലച്ചോറ്, നാഡിവ്യൂഹങ്ങള്‍ എന്നിവയെയായിരിക്കും ഇവ പ്രധാനമായും ബാധിക്കുക, അതോടൊപ്പം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമാക്കും. ഛര്‍ദ്ദില്‍, വയറിളക്കം എന്നീ ലക്ഷണങ്ങളായിരിക്കും രോഗി ആദ്യം പ്രകടിപ്പിക്കുക. നാഡീവ്യൂഹങ്ങളെയാണ് ബാധിച്ചിരിക്കുന്നതെങ്കില്‍ രോഗി പക്ഷാഘാതത്തിന് അടിമപ്പെട്ടു പോകാം. രോഗബാധിതരായവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളായിരിക്കും. ആരും തന്നെ പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കുന്നില്ല എന്നതാണ് വാസ്തവം. കേള്‍വിക്കുറവ്, കാഴ്ച്ചക്കുറവ്, ഓര്‍മ്മക്കുറവ്, നടക്കുന്നതില്‍ ബുദ്ധിമുട്ട്, പൂര്‍ണമായി ശരീരം തളര്‍ന്നുപോകല്‍, കോമ സ്‌റ്റേജിലാവുക എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് രോഗിയെ കൊണ്ടെത്തിക്കുംചുരുങ്ങിയത് ആറുമാസമെങ്കിലുമെടുക്കും ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും മോചിതരാകാന്‍ എന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയനുസരിച്ചായിരിക്കും രോഗവിമുക്തിക്കെടുക്കുന്ന സമയവും കണക്കാക്കാന്‍ കഴിയുക.

ലേഖനത്തിനു കടപ്പാട്
https://www.facebook.com/pscvinjanalokam/
By
Sigi G Kunnumpuram
https://www.facebook.com/sigi.george

© 2024 Live Kerala News. All Rights Reserved.