ലോക പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു

ഇംഗ്ലണ്ട്: ലോക പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് (76)അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രം വിഭാഗത്തിൽ ലുക്കാഷ്യൻ പ്രഫസറായ അദ്ദേഹത്തിന്‍റെ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ശാസ്ത്രഗ്രന്ഥം വളരെ പ്രശസ്തമാണ്. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഹോക്കിങ്ങിന്‍റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌.നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്, കോണീയ സംവേഗബലം എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പഠനങ്ങൾ. ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. 1942 ജനുവരി 8ന്‌ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്‍റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താൽപര്യം.17ാം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. സഹപ്രവർത്തകരുടെ പിന്തുണ നൽകിയ ആത്മവിശ്വാസത്തിൽ ഗവേഷണ ബിരുദം നേടി. ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. 1991-ൽ അവർ വിവാഹമോചനം നേടി.ഹോക്കിങ്ങിന്‍റെ മക്കളായ ലൂസി, റോബേർട്ട്, ടിം എന്നിവർ സംയ്കുത പ്രസ്താവനയിലൂടെയാണ് മരണ വാർത്ത അറിയിച്ചത്

© 2024 Live Kerala News. All Rights Reserved.