ലോങ്മാർച്ചായി എത്തിയ കർഷകർ ഇന്ന് മഹാരാഷ്ട്ര നിയമസഭാമന്ദിരം വളയും

മുംബൈ: 180 കിലോമീറ്റർ ലോങ്മാർച്ചായി എത്തിയ കർഷകർ ഇന്ന് മഹാരാഷ്ട്ര നിയമസഭാമന്ദിരം വളയും. ആറു ദിവസംമുമ്പ് നാസിക്കിൽനിന്ന് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കർഷകരുടെ കാൽനടജാഥ ഒരുലക്ഷംസമരഭടന്മാരുമായി ഇന്നലെ മുംബൈയിലെത്തി. താനെ‐ മുംബൈ അതിർത്തിയായ മുളുണ്ടിൽ മഹാനഗരം ലോങ്മാർച്ചിനെ വരവേറ്റു. വിക്രോളിയിലും ആവേശകരമായ സ്വീകരണമൊരുക്കി. ഞായറാഴ്ച രാത്രി സയോണിലെ കെ ജെ സോമയ്യ മൈതാനിയിലെത്തിയ മാർച്ച് പുലർച്ചയോടെ ആസാദ് മൈതാനിയിലേക്ക് നീങ്ങി.

തിങ്കളാഴ്ച എസ്എസ്സി പരീക്ഷ നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് മാർച്ച് പുലർച്ചെ തന്നെ ആസാദ് മൈതാനിയിലേക്ക് നീങ്ങിയത്. വിവിധ ദളിത് സംഘടനകൾ ലോങ്മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. നിയമസഭാ മന്ദിരം വളയുന്ന കർഷകർക്കൊപ്പം ദളിത് സംഘടനകളും ചേരുമ്പോൾ ചരിത്രത്തിലെങ്ങും കാണാത്ത മഹത്തായ ജനകീയ മുന്നേറ്റത്തിന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം സാക്ഷിയാകും.

അഖിലേന്ത്യ കിസാൻ സഭയാണ് സമരം നടത്തുന്നത്.. പ്രക്ഷോഭത്തിന് ആധാരമായ കാര്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു സമരത്തിന് വൻ ബഹുജന പിന്തുണ ലഭിച്ചതോടെ വിവിധ സംഘടനകൾ പിന്തുണയുമായി എത്തുന്നുണ്ട്. ഞായറാഴ്ച മഹാരാഷ്ട്രയിലെ പൊതുമരാമത്ത് മന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയും ശിവസേന നേതാവ് ആദിത്യ താക്കറെയും മുളുണ്ടിൽ പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തി. അശോക് ധാവ്ളെയെക്കണ്ട് സമരത്തിന് ശിവസേനയുടെ പിന്തുണ വാഗ്ദാനം ചെയ്തു. എൻസിപിയുടെയും മഹാരാഷ്ട്ര നവനിർമാൺ സേനയുടെയും എംഎൽഎമാരും പിന്തുണയുമായെത്തി.