കട്ടപ്പന: തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ്ങിനു പോയ എട്ടു പേര്‍ മരിച്ചു. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കൊരങ്ങിണി വനമേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. നിസാരപരുക്കേറ്റ 25 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ ശക്തമാക്കുകയാണ്.
അതേസമയം, തീ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കമാന്‍ഡോകളും രംഗത്തെത്തിയിട്ടുണ്ട്. ബോഡിമെട്ടിനു സമീപം കൊളുക്കുമല കൊരങ്ങണി വനമേഖല സന്ദര്‍ശിച്ചുമടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.ഏഴു പേര്‍ പരുക്കുകളില്ലതെ മലയിറങ്ങിയെത്തി. ചെന്നൈയില്‍ നിന്നുള്ള 27 പേരും തിരുപ്പൂരില്‍ നിന്നുള്ള 35 പേരുമാണു ചെന്നൈ ട്രക്കിങ്ങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊളുക്കുമലയിലെത്തിയത്. ഇവരില്‍ വിദ്യാര്‍ഥികളും കുട്ടികളുമുണ്ടെന്നാണു വിവരം. വ്യോമസേനയുടെ സഹായത്തോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം.
ഇന്നലെ വൈകിട്ട് കൊളുക്കുമലയില്‍ നിന്നു കൊരങ്ങണിവഴി തമിഴ്നാട്ടിലേക്കു കടക്കവെയാണു സംഘം കാട്ടുതീയില്‍ അകപ്പെട്ടത്. തീ പടര്‍ന്നതോടെ ഇവര്‍ ചിതറിയോടി. മലയിലെ പാറക്കെട്ടിലൊളിച്ചവരാണു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. നിസാര പൊള്ളലേറ്റവരെ നാട്ടുകാരും വനപാലകരും ചേര്‍ന്നു രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. തേനി കലക്ടറും പോലീസും അഗ്നിശമന സേനാംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.