ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ; സോഷ്യല്‍ മീഡിയയ്ക്ക് വിലക്ക്

വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പത്തുദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ശ്രീലങ്കയില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ല. സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. സംഘര്‍ഷം തുടരുന്ന കാന്‍ഡി ജില്ലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കി. ശ്രീലങ്കയില്‍ തീവ്ര ബുദ്ധമത വിശ്വാസികള്‍ ന്യൂനപക്ഷവിഭാഗമായ മുസ്ലിങ്ങള്‍ക്കെതിരെ ആരംഭിച്ച ആക്രമണമാണ് കലാപമായി മാറിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണങ്ങള്‍. കാന്‍ഡി ജില്ലയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

കലാപസാധ്യതയുള്ള മറ്റു മേഖലകളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയാന്തരാവസ്ഥ പ്രഖ്യാപിച്ചത്. എന്നാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ശേഷവും ആക്രമണങ്ങള്‍ തുടരുകയാണ്. ആക്രമണങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കലാപം വ്യാപിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ കാരണമാകുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണം.

© 2023 Live Kerala News. All Rights Reserved.