ത്രിപുരയ്ക്ക് പിന്നാലെ തമിഴ്നാട്ടിലും പ്രതിമ തകരുന്നു; തമിഴ് നാട്ടില്‍ തകര്‍ന്നത് പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമ

വെല്ലൂർ: ത്രിപുരയില്‍ ലെനിന്‍ പ്രതിമകള്‍ തകര്‍ന്നതിന് പിന്നാലെ തമിഴ്നാട്ടില്‍ പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമയും തകര്‍ന്നു. തമിഴ്നാട്ടിൽ ബിജെപിക്ക് ഭരണം ലഭിച്ചാൽ ആദ്യം ഇല്ലാതാക്കുക പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് പ്രതിമയ്ക്കുനേരെ ആക്രമണം. ത്രിപുരയിൽ ലെനിൻ പ്രതിമ തകർക്കപ്പെട്ടതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി രാജ രംഗത്തെത്തിയത്. തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചിരുന്ന പെരിയാർ പ്രതിമയാണ് അക്രമികൾ നശിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രി ഒന്പതോടെയാണ് സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ ബിജെപി പ്രവർത്തകനും മറ്റൊരാൾ സിപിഐ പ്രവർത്തകനുമാണ്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ് അറിയിച്ചു. ആരാണീ ലെനിൻ ഇന്ത്യയിൽ അയാൾക്ക് എന്ത് കാര്യം കമ്യൂണിസവും ഇന്ത്യയും തമ്മിൽ എന്ത് ബന്ധം ഇന്ന് ത്രിപുരയിൽ ലെനിന്‍റെ പ്രതിമ തകർത്തു, നാളെ ജാതിവാദി പെരിയാറിന്‍റെ പ്രതികൾ തകർക്കും രാജ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാജ പോസ്റ്റ് പിൻവലിച്ചു.