സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും

സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. കർദ്ദിനാൽ മാർ ജോർജ്ജ് ആലഞ്ചേരിയുള്‍പ്പെടെ മൂന്ന് വൈദികര്‍, ഇടനിലക്കാരന്‍ സാബു വർഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരായാണ് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക.

കർദ്ദിനാളിനെതിരെ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പകർപ്പ് പൊലീസിന് കഴിഞ്ഞ ദിവസം കിട്ടിയിരുന്നില്ല. ഉത്തരവ് പരിശോധിച്ച ശേഷം തുടർനടപടി മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് സെൻട്രൽ പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഗൂഡാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ പ്രകടമായിട്ടും പൊലീസ് കേസെടുക്കാതിരുന്നത് ശരിയായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി ഉത്തരവിന്‍റെ പകർപ്പ് കിട്ടിയ ശേഷം തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് കർദ്ദിനാൽ മാർ ജോർജ്ജ് ആലഞ്ചേരിയുടെ തീരുമാനം. എന്നാൽ ജോർജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് ശേഷവും സീറോ മലബാർ സഭ അടിയന്തര സിനഡ് യോഗം ജോർജ്ജ് ആലഞ്ചേരിക്ക് പിന്തുണ അറിയിച്ചു. കേസിൽ അന്വേഷണമാകാമെന്ന് മാത്രമാണ് ഉത്തരവിലുള്ളത്, അല്ലാതെ കർദ്ദിനാൽ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. അതിനാൽ ജോർജ്ജ് ആലഞ്ചേരി രാജി വെക്കേണ്ട സാഹചര്യമില്ലെന്നാണ് സിനഡിന്‍റെ വിലയിരുത്തൽ.

© 2024 Live Kerala News. All Rights Reserved.