വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പദവി ഒഴിഞ്ഞു. വൈറ്റ്ഹൗസിലെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹന്‍ ആണ് രാജിവച്ചത്.
അമേരിക്കയിലേക്കുള്ള സ്റ്റീല്‍-അലൂമിനിയം ഇറക്കുമതിക്ക് ചുങ്കം ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.
സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനവും അലൂമിനിയം ഇറക്കുമതിക്ക് 10 ശതമാനവും ചുങ്കം ചുമത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്വതന്ത്ര വ്യാപാരത്തെ അനുകൂലിക്കുന്ന കോഹന്‍ ട്രംപിന്റെ തീരുമാനത്തെ എതിര്‍ത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഇറക്കുമതിക്കു ചുങ്കം ചുമത്തിയാല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു ചുങ്കം ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
രാജ്യത്തെ സേവിക്കാന്‍ സാധിച്ചത് ആദരവായി കാണുന്നുവെന്ന് 57 വയസുകാരനായ കോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗോള്‍ഡ്മാന്‍ സാച്ച് ബാങ്കിന്റെ മുന്‍ പ്രസിഡന്റായ കോഹന്‍ നികുതി പരിഷ്‌കരണ നടപടികളുമായി ട്രംപിനെ മുന്നോട്ടുപോകാന്‍ സഹായിച്ചിരുന്നു.