മേഘാലയയില്‍ ബിജെപിക്ക് സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ ആദ്യ പ്രതിസന്ധി. ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാനൊരുങ്ങുന്ന കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) അറിയിച്ചു. ലോക്‌സഭാംഗം കൂടിയായ സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതു സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്ന് എച്ച്എസ്പിഡിപി പ്രസിഡന്റ് ആര്‍ഡെന്റ് ബസൈവ്‌മോയിറ്റ് അറിയിച്ചു.
മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സാങ്മയുടെ മകനും നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവുമായ സാങ്മയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനാണ് എച്ച്എസ്പിഡിപിയുടെ തീരുമാനം. ബിജെപി പ്രസിഡന്റ് അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ എത്തുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്.
19 സീറ്റുകള്‍ നേടി ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായ എന്‍പിപിക്കു സര്‍ക്കാര്‍ രൂപീകരണത്തിനു രണ്ട് അംഗങ്ങളുള്ള ബിജെപിക്കു പുറമേ, യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (യുഡിപി) ആറ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നാല്, എച്ച്എസ്പിഡിപിയുടെ രണ്ട്, ഒരു സ്വതന്ത്രന്‍ എന്നിവരുടെ പിന്തുണയുണ്ട്.
അതേസമയം, മേഘാലയയിലെ പ്രാദേശിക പാര്‍ട്ടികള്‍ സഖ്യകക്ഷിയായി ഭരിക്കുന്ന സര്‍ക്കാരില്‍ ബിജെപിയുടെ ആവശ്യമില്ലെന്നും ബസൈവ്‌മോയിറ്റ് അഭിപ്രായപ്പെട്ടു. ‘ഞങ്ങളെല്ലാം ചേരുമ്പോള്‍തന്നെ ആവശ്യത്തിനുള്ള അംഗങ്ങളുടെ എണ്ണം തികയും. ബിജെപി, കോണ്‍ഗ്രസ് ഇതര സര്‍ക്കാരെന്നതാണു ഞങ്ങളുടെ ആദ്യംമുതലുള്ള നിലപാട്. ബിജെപിയില്ലാതെ 32 എംഎല്‍എമാരുമായി എന്‍പിപിക്ക് നേതൃത്വം നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാം. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എന്‍പിപി ഇതുവരെ ഉയര്‍ത്തിക്കാട്ടിയിരുന്നത് പ്രെസ്റ്റോണ്‍ ടിന്‍സോങ്ങിനെയായിരുന്നു. ഇപ്പോഴെങ്ങനെ സാങ്മയിലെത്തി?’ – ബസൈവ്‌മോയിറ്റ് ചോദിച്ചു.
സാങ്മ മുഖ്യമന്ത്രിയായാല്‍ മതിയെന്ന നിലപാടെടുത്ത യുഡിപി പ്രസിഡന്റ് ഡോന്‍കുപര്‍ റോയിയുടെ വസതിയിലേക്ക് ബസൈവ്‌മോയിറ്റ് പാര്‍ട്ടി നേതാക്കളുമായെത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു. യുഡിപി ഒറ്റയ്ക്കാണ് തീരുമാനം എടുത്തതെന്നും സഖ്യകക്ഷികളാണു മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.