മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് പ്രവർത്തകൻ സഫീര്‍ കുത്തേറ്റ് മരിച്ച കേസുമായി ബന്ധപ്പെട്ട 5 പേര്‍ പോലീസ് കസ്റ്റഡിയില്‍. സഫീറിന്റെ അയല്‍വാസികളായ സിപിഐ അനുഭാവികളാണ് പിടിയിലായിരിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. വിദ്യാഭ്യാസകാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുന്തിപ്പുഴ സ്വദേശി സഫീര്‍ (22) ഞായറാഴ്ച രാത്രിയാണ് കുത്തേറ്റ് മരിച്ചത്. മണ്ണാർക്കാട്ടെ സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ കയറി വൈകിട്ട് ഒൻപതോടെ ഒരു സംഘമാളുകൾ ഇയാളെ കുത്തുകയായിരുന്നു. മുസ്ലിം ലീഗ് നഗരസഭാ കൗണ്‍സിലർ സിറാജിന്റെ മകനാണ് സഫീർ. കൊലപാതകത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മണ്ണാര്‍ക്കാട് ഇന്ന് ലീഗ് ഹര്‍ത്താലാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കുന്തിപ്പുഴ മൽസ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് സിപിഐ-മുസ്‌ലിം ലീഗ് സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സഫീറിന്റെ കൊലപാതകം. സാരമായി പരുക്കേറ്റ സഫീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. അതേസമയം, അഞ്ചു കുത്തുകളാണ് സഫീറിന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവർക്ക് ഗൂണ്ടാബന്ധമുള്ളതായും പൊലീസ് സ്ഥിരീകരിച്ചു.