ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്; പ്രിയനടിയെ ഒരു നോക്കുകാണാന്‍ ആരാധകര്‍

കഴിഞ്ഞ ദിവസം ദുബായിയില്‍ വച്ച് മരണമടഞ്ഞ നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഫോറന്‍സിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. അത് കഴിഞ്ഞാലുടന്‍ ചാര്‍ട്ടേട് വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദുബായി എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. ശ്രീദേവിക്ക് നേരത്തെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഇതിന് മുമ്പ് ഹൃദയാഘാതവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഖിസൈസിസെ ദുബായി പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു. ഹൃദയ സ്തംഭനം മൂലം കുഴഞ്ഞു വീണാണോ, അതോ കുഴഞ്ഞു വീണതിനെ തുടര്‍ന്നുണ്ടായ ആഘാതത്തിലാണോ മരിച്ചത് എന്നാണ് പരിശോധിക്കുന്നത്.

മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ശ്രീദേവിയ്ക്കൊപ്പമുണ്ടായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് വരാന്‍ വൈകുന്ന സാഹര്യത്തില്‍ മരണകാരണം എന്തെന്ന് വ്യക്തമാക്കാന്‍ കോണ്‍സുലേറ്റ് അധികൃതരോ കുടുംബാംഗങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ബര്‍ദുബായി പോലീസ് സംഭവത്തില്‍ കേസെടുത്ത് താമസസിച്ച ഹോട്ടല്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു.