പാലക്കാട്: അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് മാനസികാസ്വസ്ഥ്യമുള്ള ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം.
കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചിരുന്നു.ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു.
മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു.
മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തി.