ആക്രമിക്കാനെത്തി ബൊക്കോ ഹറാം, തലനാരിഴയ്ക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷപ്പെട്ടു

അബുജ: വടക്കുകിഴക്കന്‍ നൈജരീയയിലെ സ്‌കൂളില്‍ ആക്രമണം നടത്താനെത്തിയ ബൊക്കോ ഹറാം ഭീകരരില്‍ നിന്ന് വിദ്യാര്‍ഥികളും അധ്യാപകരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

യോബെ സംസ്ഥാനത്തെ ഡിപ്ച്ചി നഗരത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ഭീകരര്‍ എത്തിയത്. സ്‌കൂള്‍ ബോംബിട്ട് തകര്‍ക്കാനായിരുന്നു ഭീകരരുടെ നീക്കം. എന്നാല്‍ ഭീകരര്‍ നഗരത്തില്‍ വന്നിറങ്ങിയ വിവരം അറിഞ്ഞയുടന്‍ അധ്യാപകരും വിദ്യാര്‍ഥികളും ഓടി രക്ഷപ്പെടുകയായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോകാനായിരുന്നു ഭീകരരുടെ പദ്ധതി. എന്നാല്‍ സ്‌കൂള്‍ ആരുമില്ലെന്നു കണ്ടെത്തിയതോടെ കൊള്ളയടിച്ച ശേഷം ഭീകരര്‍ മടങ്ങിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. നൈജീരിയന്‍ സുരക്ഷാ സേന ജെറ്റുകളുടെ സഹായത്തോടെ ഭീകരരെ പ്രതിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ ബൊക്കോ ഹറാമിന്റെ തടവില്‍ നിന്ന് മോചിതരായ നൂറോളം ചിബോക് പെണ്‍കുട്ടികള്‍ കുടുംബത്തിനൊപ്പം ചേര്‍ന്നിരുന്നു. ഇപ്പോഴും നൂറിലധികം സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഭീകരരുടെ തടങ്കിലുണ്ട്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ് നൈജീരിയന്‍ സര്‍ക്കാര്‍.