ആലുവയിലെ ഹെറോയിന്‍ കടത്തു കേസിന് പാക്ക് ബന്ധം; ലഹരിമരുന്ന് കൈമാറിയത് പാക്കിസ്ഥാന്‍കാരന്‍

 

കൊച്ചി: ആലുവയില്‍ ഒന്നരക്കോടി രൂപ വിലവരുന്ന ഹെറോയിന്‍ കടത്തിയ കേസിന് പാക്കിസ്ഥാന്‍ ബന്ധം. പാക്കിസ്ഥാന്‍കാരനാണ് ലഹരിമരുന്ന് കൈമാറിയതെന്ന് അറസ്റ്റിലായ വിഷ്ണുവര്‍ധന്‍ പൊലീസിന് മൊഴിനല്‍കി. ലഹരിമരുന്ന് എത്തിച്ചത് ആലുവയില്‍ റെന്റ് എ കാര്‍ നടത്തുന്ന ഇബ്രാഹിമിന്റെ നിര്‍ദേശ പ്രകാരമാണെന്നും മൊഴിയില്‍ പറയുന്നു. ഇതോടെ തുടരന്വേഷണത്തിന് നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സഹായം തേടി.

ഇന്നു രാവിലെയാണ് ഹെറോയിന്‍ കടത്തിയ ബവ്‌റിജസ് ജീവനക്കാരന്‍ ആലുവ സ്വദേശി വിഷ്ണുവര്‍ധന്‍ അറസ്റ്റിലായത്. കശ്മീരിലെ ശ്രീനഗറില്‍ നിന്നെത്തിച്ച അഞ്ചുകിലോ ഹെറോയിന്‍ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് ഇന്നലെ രാത്രി കണ്ടെത്തിയത്.

യാത്രാ രേഖകള്‍ക്കൊപ്പം ട്രാവല്‍ ഏജന്റ് നല്‍കിയ ബാഗിനുളളില്‍ ലഹരിമരുന്ന് കണ്ടെത്തിയെന്ന വാദവുമായി മൂന്നു യുവാക്കള്‍ ആലുവയിലെ എക്‌സൈസ് ഓഫിസിലെത്തിയിരുന്നു. തുടര്‍ന്ന് യുവാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിഷ്ണുവര്‍ധന് കേസിലുള്ള ബന്ധം പൊലീസ് മനസിലാക്കിയതും അറസ്റ്റ് ചെയ്തതും.

കോഴിക്കോട് വേനപ്പാറ പുതുമന എബിന്‍ ജോസ് (24), ആലുവ തുരുത്ത് മംഗലശേരി മുഹമ്മദ് ഷാഫി (22), ആലുവ തോട്ടുമുഖം പണിക്കശേരി അബിക് (28) എന്നിവരെയാണ് എക്‌സ്!സൈസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.