പിഎൻബി തട്ടിപ്പ്: നീരവ് മോദിയെയും കുടുംബത്തെയും കണ്ടെത്താന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11, 400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യവസായി നീരവ് മോദിയെയും കുടുംബത്തെയും കണ്ടെത്താന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി.നീരവിനെ കണ്ടെത്തുന്നതിനായി ഡിഫ്യൂഷന്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നീരവ്, ഭാര്യ അമി, സഹോദരന്‍ നിഷാല്‍, സുഹൃത്തും വ്യാപാരിയുമായ മെഹുല്‍ ചൊക്‌സി എന്നിവരാണ് രാജ്യം വിട്ടത്.

അതേസമയം, നീരവ് മോദിയുടേയും, അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്‌സിയുടേയും പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത വിദേശകാര്യ മന്ത്രാലയം അവ റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അടുത്തകാലത്തായി നീരവ് ബല്‍ജിയം പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നത് എന്നാണു സൂചന. മാത്രമല്ല, ഏതാനും വര്‍ഷങ്ങളായി നീരവ് മോദി ഇന്ത്യയിലേക്കുള്ള വരവ് വളരെ കുറച്ചു. കൂടുതല്‍ സമയവും യുഎസിലാണു ചെലവഴിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് രണ്ടാമതു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഗീതാഞ്ജലി ഗ്രൂപ്പിനെതിരെ ഒരു എഫ്‌ഐആര്‍ കൂടി ഫയല്‍ ചെയ്തു. നീരവിനും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്‌സിക്കും ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നു കാണിച്ച് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. പ്രതി എത്ര ഉന്നതനായാലും വെറുതെ വിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡില്‍ 5,100 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരുന്നു. പരിശോധന തുടരുകയാണ്.

ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് (ബയേഴ്‌സ് ക്രെഡിറ്റ്) വഴിയാണ് നീരവ് 11, 400 കോടി രൂപയുടെ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയത്. ബാങ്കിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു ഈ വന്‍തട്ടിപ്പ് നടന്നത്. ഈട് നല്‍കാതെ ബാങ്കില്‍ നിന്നും ജാമ്യച്ചീട്ട് സ്വന്തമാക്കിയ നീരവ് ഇതിന്റെ ഉറപ്പില്‍ വിദേശബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കായി കോടിക്കണക്കിന് രൂപ വായ്പ എടുക്കുകയായിരുന്നു. ഈ പണം നീരവ് തിരിച്ചടയ്ക്കാതെ വന്നതോടെയാണ് പിഎന്‍ബിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായത്. അടുത്തിടെ വീണ്ടും ബയേഴ്‌സ് ക്രെഡിറ്റിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.

© 2024 Live Kerala News. All Rights Reserved.