ചിരിക്ക് ആരും ജി.എസ്.ടി ഏര്‍പ്പെടുത്തിയിട്ടില്ല, ഇനിയും ചിരി തുടരും: മോദിക്ക് മറുപടിയുമായി രേണുക ചൗധരി

തനിക്ക് ചിരിക്കണമെങ്കില്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് എം.പി രേണുക ചൗധരി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ ചിരിച്ചതിന്റെ പേരില്‍ അദ്ദേഹം പരിഹസിച്ചത് സംബന്ധിച്ച ചോദ്യത്തോടാണ് രേണുക പ്രതികരിച്ചത്.
രാമായണം സീരിയലിനു ശേഷം ഇതുപോലൊരു ചിരി താന്‍ കേട്ടിട്ടില്ലെന്നായിരുന്നു രാജ്യസഭയില്‍ പ്രസംഗത്തിനിടെ മോദി പറഞ്ഞത്. രേണുകയോടു ചിരി നിര്‍ത്താന്‍ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെടുമ്പോഴായിരുന്നു മോദിയുടെ ഇടപെടല്‍. വനിതകളോടുള്ള മോദിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും രേണുക വിമര്‍ശിച്ചുഅഞ്ച് തവണ എം.പിയായ തന്റെ പൊതുപ്രവര്‍ത്തന കാലത്തില്‍ ഉടനീളം ജനങ്ങള്‍ തന്നെ പിന്തുണച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. എപ്പോള്‍ ചിരിക്കണം, എങ്ങനെ ചിരിക്കണം എന്നൊന്നും നിയമമില്ല. ചിരിക്ക് ജി.എസ്.ടിയും ഏര്‍പ്പെടുത്തിയിട്ടില്ല. നിയമനിര്‍മാണം നടക്കുന്നത് പാര്‍ലമെന്റിലാണ്. സ്ത്രീകളെ തുല്യരായി കാണേണ്ടത് എങ്ങനെയാണെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ പഠിക്കേണ്ടിയിരുന്നുവെന്നും രേണുക ചൗധരി ചൂണ്ടിക്കാട്ടി.