കേരളത്തില്‍ മഴ തുടരും ; അപ്രതീക്ഷിത മാറ്റത്തിന് പിന്നില്‍ മേഘപടല പ്രതിഭാസം

സംസ്ഥാനത്തിന്റെ പലഭാഗത്തുമുണ്ടായ അപ്രതീക്ഷിത മഴയ്ക്ക് പിന്നില്‍ അന്തരീക്ഷത്തില്‍ പെട്ടെന്ന് രൂപം കൊണ്ട മേഘപടലപ്രതിഭാസം( ക്ലൗഡ് ബാന്‍ഡ്) . രാജ്യത്തിന്റെ വടക്കു-കിഴക്ക് ഭാഗത്ത് 3000 കിലോമീറ്ററിലധികം നീളത്തില്‍ രൂപംകൊണ്ട പ്രതിഭാസത്തെതുടര്‍ന്ന് രണ്ടുദിവസം കൂടി മഴലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷികര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിരുന്നെങ്കിലും എറണാകുളത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്

മകരമാസത്തില്‍ ചിലദിവസങ്ങില്‍ മഴ പെയ്യാറുണ്ടെങ്കിലും ഇത്തരത്തിലൊരു അപൂര്‍വ്വപ്രതിഭാസം രൂപം കൊള്ളുന്നത് അപൂര്‍വ്വമാണെന്ന് കൊച്ചി അഡ്വാന്ഡസ്ഡ് സെന്റര്‍ഫോര്‍ അറ്റ്‌മോസ്ഫറിക് റെഡാര്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി മനോജ് പറയുന്നു.

ബിഹാര്‍, ഒഡീസ, മധ്യപ്രദേശ്, മഹാരാഷ്ട്രയുടെ ഭാഗങ്ങള്‍, ഗോവ, കേരളം, കര്‍ണാടകത്തിന്റെ ഒരു ഭാഗം, ലക്ഷദ്വീപ് തുടങ്ങി 11 സംസ്ഥാനങ്ങളുടെ അന്തരീക്ഷത്തില്‍ കയറിയിറങ്ങി കിടക്കുന്ന പടലത്തിന്റെ തുടര്‍ച്ച ആഫ്രിക്കയിലെ സോമാലിയ തീരം വരെ നീളുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

മേഘപാളികള്‍ ഈ മാസം അഞ്ചുമുതല്‍ വ്യാപിക്കാന്‍ ആരംഭിച്ചിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് ആറിന് രാത്രി എട്ടോടെ പാലക്കാടും ഏഴിനു പുലര്‍ച്ചെയോടെ വയനാട്ടിലും ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് പ്രതിഭാസത്തിന്റെ രൂപം വ്യക്തമായത്.

ഗള്‍ഫ് പ്രദേശത്തുനിന്നുള്ള തണുത്തകാറ്റും (വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ്) ഇവിടുത്തെ ചൂടുള്ള നീരാവി നിറഞ്ഞകാറ്റും ഭൂമധ്യരേഖയ്ക്കു സമാന്തരമായി ലയിച്ചാണു മേഘപടലം രൂപം കൊള്ളാന്‍ കാരണമായതെന്നാണ് എസിഎഎആറിന്റെ പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ചു കൂടുതല്‍ ഗവേഷണം ആരംഭിച്ചതായും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.