ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. മരണത്തെപ്പറ്റിയുള്ള മെഡിക്കല്‍ അന്വേഷണ റിപ്പോര്‍ട്ടുകളിലെ വൈരുധ്യങ്ങള്‍ ഹര്‍ജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.ജഡ്ജിയുടെ മരണത്തെപ്പറ്റി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിക്കുക.

രേഖകള്‍ കോടതി നിര്‍ദ്ദേശ പ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറിയിരുന്നു.

ലോയയുമായി അവസാന നാളുകളില്‍ സംസാരിച്ചിരുന്ന രണ്ടു പേരുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്തായിരിക്കണം കേസിന്റെ ഉത്തരവെന്ന് ചിലര്‍ എഴുതി നല്‍കിയെന്നും തനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ധമുണ്ടെന്നും ലോയ പൊതുപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ലോയയുടെ ദുരൂഹ മരണത്തിന് ശേഷം മൂന്ന് പൊതു പ്രവര്‍ത്തകരില്‍ രണ്ടു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും ലോയയുടെ മരണത്തെ പറ്റി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കവെയാണ് ജഡ്ജി ബിഎച്ച് ലോയ ദുരൂഹമായി മരണപ്പെട്ടത്. അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ലോയയുടെ സഹോദരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലാണ് ലോയയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്.