ബിനാമി ഇടപാട് : ഷാരൂഖ് ഖാന്റെ ഒഴിവുകാല വസതി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള നിയമമനുസരിച്ച് നടന്‍ ഷാരൂഖ് ഖാന്റെ അലിബാഗിലെ ഒഴിവുകാലവസതി ആദായനികുതിവകുപ്പ് താത്കാലികമായി കണ്ടുകെട്ടി.

മഹാരാഷ്ട്രയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ അലിബാഗില്‍ 19,960 ചതുരശ്ര അടി സ്ഥലത്താണ് ഷാരൂഖ് ഫാംഹൗസ് പണിതത്. കൃഷിചെയ്യാനെന്നുപറഞ്ഞ് വാങ്ങിയ കൃഷിഭൂമിയിലായിരുന്നു നിര്‍മാണം. 14.67 കോടി രൂപ മൂല്യംകാണിച്ചിരിക്കുന്ന ഇതിന് അതിന്റെ അഞ്ചിരട്ടിയെങ്കിലും വിലയുണ്ടാകുമെന്നാണ് കരുതുന്നത്.

കൃഷിഭൂമിയില്‍ കെട്ടിടം പണിയുന്നതിന് അനുമതി ലഭിക്കില്ല എന്നതുകൊണ്ട് ദേജാവു ഫാംസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് 2004-ല്‍ ഭൂമി വാങ്ങിയത്. കൃഷിയാവശ്യത്തിന് വാങ്ങുന്നത് എന്നാണ് രേഖകളില്‍ കാണിച്ചത്. ദേജാവുവിന്റെ ഓഹരി പിന്നീട് ഷാരൂഖും ഭാര്യ ഗൗരിഖാനും സ്വന്തമാക്കി. ആഡംബരക്കെട്ടിടം പണിയുകയുംചെയ്തു. ദേജാവു ഫാംസ് ആകട്ടെ അവിടെ കൃഷി നടത്തുകയോ അതില്‍നിന്ന് വരുമാനമുണ്ടാക്കുകയോ ചെയ്തിട്ടുമില്ല.

ഇത് ബിനാമി ഇടപാടിന്റെ പരിധിയില്‍വരും എന്നുകണ്ടാണ് ആദായനികുതിവകുപ്പിന്റെ നടപടി. വകുപ്പ് സ്വമേധയാ നടത്തുന്ന കണ്ടുകെട്ടല്‍ നടപടിക്ക് 90 ദിവസത്തെ ഇളവുണ്ടാകും. എതിര്‍കക്ഷിക്ക് അതിനുമുന്‍പ് കോടതികളില്‍നിന്ന് അനുകൂലവിധി സമ്ബാദിക്കാം. ഇല്ലെങ്കില്‍ ആദായനികുതിനിയമപ്രകാരമുള്ള ശിക്ഷാനടപടി നേരിടേണ്ടിവരും. നീന്തല്‍ക്കുളവും കടല്‍ത്തീരവുമെല്ലാമുള്ള ഫാംഹൗസാണ് അലിബാഗിലേത്. തീരദേശസംരക്ഷണനിയമം ലംഘിച്ചാണ് ഇതുനിര്‍മിച്ചതെന്ന് ജില്ലാകളക്ടര്‍ നേരത്തേ റിപ്പോര്‍ട്ടുനല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.