‘കൈപ്പത്തി’ വേണ്ട; കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ഒഴിവാക്കണമെന്ന് ബിജെപി

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘കൈപ്പത്തി’ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ആറ് പേജുള്ള പരാതിയില്‍ കൈപ്പത്തി ചിഹ്നം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന് അശ്വിനി ഉപാധ്യായ ആരോപിക്കുന്നു. തന്റെ പരാതിയുടെ പകര്‍പ്പ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബി.ജെ.പി നേതാവ് പുറത്ത് വിട്ടിട്ടുണ്ട്.

കൈപ്പത്തി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മാത്രമല്ല, മനുഷ്യ ശരീരത്തിലെ ഒരു അവയവം കൂടിയാണെന്ന് ഉപാധ്യായ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 48 മണിക്കൂര്‍ മുന്നേ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കണം എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് അശ്വിനി ഉപാധ്യായയുടെ പരാതി. കോണ്‍ഗ്രസിന്റെ ചിഹ്നം കൈപ്പത്തിയായതിനാല്‍ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ പോലും സ്വന്തം കൈപ്പത്തി ഉപയോഗിച്ച് വോട്ടര്‍മാരുടെ ഇടയില്‍ പ്രചാരണം നടത്താമെന്നാണ് ഉപാധ്യായ പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാര്‍ക്ക് നേരെ ‘കൈ’വീശി കാണിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കളും അനുയായികളും അവരുടെ ചിഹ്നത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ് അശ്വനിയുടെ വാദം.

മനുഷ്യ ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു അവയവത്തെ തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതിന്റെ പരിണിത ഫലമാണിതെന്ന് ഉപാധ്യായ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബൂത്തിനു നൂറുമീറ്റര്‍ ചുറ്റളവില്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയായതിനാല്‍ ഈ ചട്ടങ്ങളെല്ലാം ലംഘിക്കപ്പെടുന്നുവെന്ന് ഉപാധ്യായ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

© 2024 Live Kerala News. All Rights Reserved.