മന്ത്രിമാരുടെ ഫോണ്‍വിളിയ്ക്ക് പരിധിവയ്ക്കും ; ആഡംബര വാഹനങ്ങളും വേണ്ട ; തോമസ് ഐസക്ക്

ആര്‍ഭാടം നിറഞ്ഞ വാഹനങ്ങളും പതിനായിരക്കണക്കിന് രൂപയുടെ ഫോണ്‍കോളുകളും വിവാദമായിരിക്കേ പുതിയ നിലപാടറിയിച്ച് മന്ത്രി തോമസ് ഐസക്ക് . ചിലവു ചുരുക്കുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ മൊബൈല്‍ ഫോണ്‍കോളുകള്‍ക്ക് നിയന്ത്രണം വരുത്തുന്നു. ചെറിയ പാക്കേജുകളിലേക്ക് നിരക്ക് മാറ്റും. മന്ത്രിമാരുടെ പതിനായിരക്കണക്കിന് ചിലവ് വരുന്ന ഫോണ്‍വിളി തലവേദന ഒഴിവാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും.
വലിയതും വിലയേറിയതുമായ വാഹനങ്ങള്‍ വാങ്ങി കൂട്ടുന്നത് തടയുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഏഴു സീറ്റുള്ള ആര്‍ഭാട വാഹനങ്ങളാണ് വാങ്ങി കൂട്ടുന്നത്. ഇങ്ങനെയുള്ള വാങ്ങലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും. വാടകയ്ക്ക് കാര്‍ വിളിച്ച് യാത്ര ചെയ്യണമെന്നും സര്‍ക്കാര്‍ അതിനുള്ള പണം നല്‍കാമെന്നുമാണ് തോമസ് ഐസക്ക് നല്‍കുന്ന മറുപടി.
ഒരു ജോലിയുമില്ലാത്ത തസ്തികകള്‍ ഒഴിവാക്കാം. അനാവശ്യ തസ്തികകളുടെ കണക്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ ബജറ്റും ചുരുക്കും. രണ്ടര മണിക്കൂര്‍ വരെ നീളാറുള്ള ബജറ്റ് പ്രസംഗം ഇക്കുറി ഒന്നര മണിക്കൂര്‍ കൊണ്ട് അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.