ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് വിജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി; ‘കഴിഞ്ഞ തവണ തോറ്റത് പ്രത്യേക സാഹചര്യത്തില്‍’

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. സിറ്റിംഗ് എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് യുഡിഎഫ് തോറ്റതെന്നും ഇത്തവണ ചെങ്ങന്നൂരില്‍ രാഷ്ട്രീയ വിജയമുണ്ടാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.എം.മാണി യുഡിഎഫില്‍ തിരിച്ചെത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് മാണി യുഡിഎഫിന്റെ ഭാഗമാക്കണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടത് അവരാണെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

അടുത്തവര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇനിയും കാത്തിരിക്കാതെ രാഷ്ട്രീയമായ തീരുമാനം കൈക്കൊള്ളണമെന്നാണു പല നേതാക്കളുടെയും ആവശ്യം. ജോസ് കെ. മാണിക്കും കൂട്ടര്‍ക്കും ഇടതുമുന്നണിയിലേക്കു പോകാനാണ് ആഗ്രഹം. എന്നാല്‍, പി.ജെ. ജോസഫിനു യു.ഡി.എഫിനോടാണു താല്‍പ്പര്യം. ഇക്കാര്യത്തില്‍ അഭിപ്രായഐക്യത്തിനുള്ള ശ്രമം തുടരുകയാണ്.