ശ്രീജിത്തിന്റെ സമരപ്പന്തലില്‍ ചെന്നിത്തലയെ ചോദ്യംചെയ്ത ആന്‍ഡേഴ്‌സന് മര്‍ദ്ദനം

തിരുവനന്തപുരം: ശ്രീജീവിന്റെ കസ്റ്റഡി മരണത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നിന്ന ആന്‍ഡേഴ്‌സന് നേരെ ആക്രമണം.

ആന്‍ഡേഴ്‌സണും യൂത്ത്‌കോണ്‍ഗ്രസ്സുകാരും തമ്മില്‍ നടന്ന വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്. വാരിയെല്ല് തകര്‍ന്ന ആന്‍ഡേഴ്‌സണ്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുന്‍ കെ എസ് യു പ്രവര്‍ത്തകനായ ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ ചോദ്യംചെയ്തിരുന്നു.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടുകയാണ് ആന്‍ഡേഴ്‌സണ്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപന്തലിനടുത്തുവെച്ചാണ് യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ മര്‍ദ്ദിച്ചതെന്ന് ആന്‍ഡേഴ്‌സന്റെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഒപ്പമുള്ളവരെ തള്ളിമാറ്റിയ ശേഷമായിരുന്നു മര്‍ദ്ദനമെന്നും അവര്‍ അറിയിച്ചു.

അതേസമയം ആന്‍ഡേഴ്‌സനെ തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. തങ്ങളുടെ സമരപന്തലിലെത്തിയ ആന്‍ഡേഴ്‌സനെ തള്ളി മാറ്റുക മാത്രമാണ് ചെയ്തതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.