സുപ്രീം കോടതി പ്രതിസന്ധി; നിർണായക ചർച്ചകൾ നടന്നേക്കും

ന്യൂദൽഹി: സുപ്രിം കോടതി പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരുമായി ഇന്ന് ചര്‍ച്ച നടത്തും.

നേരത്തെ കഴിഞ്ഞ ദിവസങ്ങളിലും അനൗപചാരിക ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ചര്‍ച്ച. ഇന്നലെ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് ജസ്റ്റിസ് ചെലമേശ്വര്‍ എത്തിയിരുന്നില്ല. അതിനിടെ ഇന്നലെ വൈകുന്നേരം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ജസ്റ്റിസ് ചെലമേശ്വറിന്റ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 25 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ പ്രശ്നപരിഹാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയായതായാണ് സൂചന.

ഇതിനിടയില്‍ ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ച നാല് ജഡ്ജിമാര്‍ സുപ്രിം കോടതിയിലെ മറ്റ് ജഡ്ജിമാരുമായി ആശയവിനിമയം ആരംഭിച്ചു. വാര്‍ത്താ സമ്മേളനം നടത്താന്‍ ഇടയായ സാഹചര്യം മറ്റ് ജഡ്ജിമാരോട് ഇവര്‍ വിശദീകരിക്കുന്നതായാണ് സൂചന.

ഇന്നലെ ജസ്റ്റിസ് മദന്‍ ബി ലോക്കൂറിന്റെ വസതിയില്‍ ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനം ഉന്നയിച്ച ജഡ്ജിമാര്‍ ഒത്തുകൂടിയിരുന്നു. ഈ യോഗത്തില്‍ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, യുയു ലളിത് എന്നിവരും പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.