‘ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നെടുത്തത്’; നടി അക്രമിക്കപ്പെട്ട കേസില്‍ തെളിവുകള്‍ക്കെതിരേ ദിലീപ്

നടി അക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവിനെതിരേ പുതിയ വാദവുമായി ദിലീപ്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന വാദമാണ് ദിലീപ് ഉന്നയിച്ചത്. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം നല്‍കിയ കുറ്റപത്രത്തില്‍ നിന്നും അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ വ്യത്യാസമാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും പൊലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ട്. പ്രോസിക്യൂഷന്‍ പറഞ്ഞത് പോലെയല്ല അക്രമിക്കുന്ന ദൃശ്യങ്ങളും ഇതിലെ ശബ്ദവും. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഈ കുറ്റപത്രം നിരസിക്കണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നത്. ഇതു പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

നടി അക്രമിക്കപ്പെട്ട കേസിലെ തെളിവായ മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദത്തെപ്പറ്റിയും ദിലീപ് പരാതിപ്പെടുന്നു. മെമ്മറി കാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചില സമയങ്ങളില്‍ ഈ സ്ത്രീശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ചില നിര്‍ദേശങ്ങളാണ് സ്ത്രീ നല്‍കുന്നത്

കഴിഞ്ഞ മാര്‍ച്ചിലാണ് പോലീസ് ഒന്നാംപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു.