‘അമേരിക്കയുമായി ചേര്‍ന്ന് താലിബാനെതിരെ നീക്കം നടത്തി’; ബേനസീര്‍ ബൂട്ടോയെ വധിച്ചത് തങ്ങളാണെന്ന വെളിപ്പെടുത്തലുമായി താലിബാന്‍ നേതാവ്

പാക് മുന്‍ പ്രധാനമന്ത്രിയും പി.പി.പി നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍. പാകിസ്ഥാന്‍ താലിബാനാണ് കൊലപാതകത്തിന് പിന്നിലെന്ന വെളിപ്പെടുത്തലുമായി താലിബാന്‍ നേതാവായ അബു മന്‍സൂര്‍ അസിം മുഫ്തി നൂര്‍ വാലി രംഗത്തെത്തി. അബു മന്‍സൂര്‍ എഴുതിയ ‘ഇന്‍ക്വിലാബ് മെഹ്സൂദ് സൗത്ത് വസീറിസ്ഥാന്‍ ഫ്രം ബ്രിട്ടീഷ് രാജ് ടു അമേരിക്കന്‍ ഇംപീരിയലിസം’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

2007 ഡിസംബര്‍ 24-ന് റാവല്‍പിണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ചാവേറാക്രമണത്തില്‍ ബേനസീര്‍ കൊല്ലപ്പെട്ടത്. കൊലയ്ക്കുപിന്നില്‍ തെഹ്രീക് ഇ താലിബാന്‍ പാകിസ്താന്‍ (ടി.പി.പി.) ആണെന്ന് അന്ന് പാകിസ്താന്‍ പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫ് ആരോപിച്ചിരുന്നു. സയീദ്, ഇക്രാമുള്ള എന്നീ താലിബാന്‍ അംഗങ്ങളാണ് കൃത്യം നടത്തിയതെന്ന് ബേനസീറിനെതിരെ വെടിയുതിര്‍ത്ത ഇക്രാമുള്ള ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. തെക്കന്‍ വസീരിസ്താനിലെ മകീന്‍ വാസിയാണ് ഇയാള്‍.

അമേരിക്കയുമായി ചേര്‍ന്ന് താലിബാനെതിരെ ബേനസീര്‍ നീക്കം നടത്തുമെന്ന സൂചനയെ തുടര്‍ന്നാണ് ബേനസീറിനെ കൊലപ്പെടുത്തിയതെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.സഹകരണത്തിനുള്ള ബേനസീറിന്റെ നീക്കം സംബന്ധിച്ച് പാക്ക് താലിബാന്‍ സ്ഥാപകന്‍ ബൈത്തുള്ള മെഹ്സൂദിന് അറിവുണ്ടായിരുന്നു. കൊലയ്ക്കുപിന്നില്‍ ടി.പി.പി.യാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നെങ്കിലും ബേനസീര്‍ വധത്തിന്റെ പത്താംവാര്‍ഷികംവരെ നേതൃത്വം അത് നിഷേധിക്കുകയായിരുന്നെന്നും പുസ്തകംപറയുന്നു. 2007 ഒക്ടോബറില്‍ കറാച്ചിയില്‍ ബേനസീറിനെതിരെ നടത്തിയ ചാവേറാക്രമണത്തിന് പിന്നിലും താലിബാനാണെന്ന് വെളിപ്പെടുത്തലുണ്ട്. 140 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ബേനസീര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.