തൊഗാഡിയയെ കാണ്‍മാനില്ല; പൊലീസ് അന്യായമായി തടവിലാക്കിയെന്ന് ആരോപണം; ബി.ജെ.പി സര്‍ക്കാരിനെതിരെ വി.എച്ച്.പി

രാജസ്ഥാന്‍: വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ കാണ്‍മാനില്ലെന്ന് ആരോപണം. പൊലീസ് രഹസ്യമായി തൊഗാഡിയയെ അറസ്റ്റുചെയ്ത് കസ്റ്റഡിയിലാക്കിയിരിക്കുകയാണെന്ന വാദവുമായി വി.എച്ച്.പി പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.

രാജസ്ഥാന്‍ സര്‍ക്കാരാണ് വി.എച്ച്.പി നേതാവിനെ തടവിലാക്കിയിരിക്കുന്നെതന്ന് കാട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ ഭരണം സംസ്ഥാനത്തിന്റെ ഘടനയെ ബാധിച്ചുവെന്നും സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും വി.എച്ച്.പി നേതൃത്വം ആരോപിച്ചു.
നേരത്തേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരിലാണ് തൊഗാഡിയയെ ഇപ്പോള്‍ അറസ്റ്റിലാക്കിയിരിക്കുന്നതെന്ന പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീട്ടില്‍ പൊലീസ് തൊഗാഡിയയ്ക്കായി തെരച്ചില്‍ നടത്തിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തെ കാണാതായതെന്ന് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം തൊഗാഡിയയെ അറസ്റ്റുചെയ്തുവെന്ന വാര്‍ത്ത രാജസ്ഥാന്‍ പൊലീസ് നിഷേധിച്ചു. രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യാനായി ശ്രമിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

© 2024 Live Kerala News. All Rights Reserved.