മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു

സുപ്രധാന കേസുകള്‍ കേള്‍ക്കാന്‍ രൂപീകരിച്ച ഭരണഘടനാ ബെഞ്ചില്‍ നിന്ന് തനിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന നാല് ജഡ്ജിമാരെയാമ് ചീഫ് ജസ്റ്റിസ് ഒഴിവാക്കിയത്. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച കേസ് കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിനാണ് ഇപ്പോള്‍ രൂപം നല്‍കിയിരിക്കുന്നത്. ഇതില്‍ കൊളീജിയത്തിലെ മറ്റ് ജഡ്ജിമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവരെ ഉള്‍പ്പെടുത്തിയില്ല.

ദീപക് മിശ്ര നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ ജസ്റ്റിസുമാരായ എകെ സിക്രി, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരെയാണ് ഭരണഘടാനെ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ തീരുമാനം പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ജനുവരി 12 ന് കോടതിക്ക് പുറത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതായിരുന്നു പുതിയ പ്രതിസന്ധിക്ക് വാതില്‍ തുറന്നത്. സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന ബെഞ്ച് രൂപീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നു എന്നതാണ് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച പ്രധാന ആരോപണം.

© 2024 Live Kerala News. All Rights Reserved.