നികുതിവെട്ടിപ്പ്; നടി അമലാ പോള്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും

പുതുച്ചേരിയില്‍ ആഢംബരകാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച സംഭവത്തില്‍ സിനിമാ താരം അമലാ പോള്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ താരത്തിന്റെ ഹര്‍ജി പരിഗണിച്ച വേളയില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി അമലാ പോളിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.

ക്രൈംബ്രാഞ്ചിനു ഇന്നു രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ താരത്തെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുവാദം നല്‍കിയിട്ടുണ്ട്. അമലാ പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ആദ്യം പത്തു ദിവസത്തേക്ക് അവധിക്ക് വച്ചിരുന്നു. താരം മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടി ഡിസംബര്‍ 21 നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അമലാ പോള്‍ നികുതിവെട്ടിക്കാനായി വ്യാജരേഖകള്‍ ചമച്ച് പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തു എന്നാണ് കേസ്. ഇതു മോട്ടോര്‍ വാഹനവകുപ്പാണ് കണ്ടെത്തിയത്. താരം രജിസ്റ്റര്‍ ചെയ്യാനായി സമര്‍പ്പിച്ച വാടകചീട്ട് വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. പുതുച്ചേരിയില്‍ വാഹനത്തിനു ഒന്നേകാല്‍ ലക്ഷം രൂപ താരം നികുതിയായി അടച്ചു. പക്ഷേ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ 20 ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമായിരുന്നു. ഇതു ഒഴിവാക്കാനാണ് താരം പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത്.

© 2024 Live Kerala News. All Rights Reserved.