സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന്റെ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന് നീതിതേടി സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം 763 ദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടത്.
ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കാന്‍ തീരുമാനിച്ചു. ഇതിന് പുറമെ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ ശിക്ഷാ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.