സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിർന്ന ജഡ്ജിമാര്‍ ആക്ഷേപമുന്നയിച്ചതോടെ സംജാതമായ പ്രതിസന്ധിക്ക് ഇന്നു പരിഹരിക്കുമെന്ന് സൂചന. പ്രശ്നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്തു തന്നെ പരിഹരിക്കണമെന്നാണു കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.
സുപ്രീംകോടതിയിലെ നാലു ജഡ്ജിമാരുടെ പരാമർശത്തിൽ ഇടപെടാനില്ലെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവിലെ പ്രശ്നത്തിനു പരിഹാരം അതിനകത്തു തന്നെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് നിയമകാര്യ സഹമന്ത്രി പി.പി.ചൗധരി വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനോടു സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ പങ്കാളിത്തമുള്ള ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് അനുരഞ്ജന ഫോര്‍മുല കണ്ടെത്താനാണു നീക്കം. പരമേന്നത നീതിപീഠത്തിലുണ്ടായ അത്യപൂര്‍വ പ്രതിസന്ധിക്ക് ഇന്നു പരിഹാരം കാണുമെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലൽ വ്യക്തമാക്കിയത്.