സംസ്ഥാന സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് പദ്ധതി നടപ്പാക്കുമെന്ന് വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തില്‍ എയര്‍ ആംബുലന്‍സ് പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ശ്രീചിത്ര ആശുപത്രിയില്‍ മസ്തിഷ്‌കമരണം സംഭവിച്ച പാറശാല സ്വദേശി അഡ്വ. എസ്. നീലകണ്ഠശര്‍മയുടെ ഹൃദയം പുറത്തെടുത്ത് ഇന്ത്യന്‍ നാവികസേനയുടെ ഡോണിയര്‍ വിമാനത്തിന്റെ സഹായത്തോടെ കൊച്ചിയിലെ രോഗിക്ക് എത്തിച്ചിരുന്നു. ഈ സംവിധാനം തുടര്‍ന്നും ലഭ്യമാക്കുന്നതിനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഹൃദയം റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കുന്നതിലെ അപ്രായോഗികത കൊച്ചി ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതിനെ തുടര്‍ന്നാണ് എയര്‍ ആംബുലന്‍സിനു സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നു വിമാനം വിട്ടുനില്‍കാന്‍ നാവികസേന തയാറാകുകയായിരുന്നു. ഈ സംവിധാനം തുടര്‍ന്നും ലഭ്യമാക്കുന്നതിനാണ് സര്‍ക്കാരിന്റെ തീരുമാനം. 1185 പേരാണ് കേരളത്തില്‍ അവയവ മാറ്റത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണിത്. ഏറ്റവും കൂടുതല്‍ പേര്‍ വൃക്ക മാറ്റിവയ്ക്കാനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്  108 പേര്‍. 152 പേര്‍ കരള്‍ മാറ്റത്തിനും ആറുപേര്‍ ഹൃദയമാറ്റത്തിനും കാത്തിരിക്കുന്നു. രണ്ടവയവങ്ങള്‍ ഒന്നിച്ചുമാറ്റിവയ്‌ക്കേണ്ട എട്ടുരോഗികളുണ്ട്. ചെറുകുടല്‍ മാറ്റിവയ്‌ക്കേണ്ട ഒരു രോഗിയും പട്ടികയിലുണ്ട്

© 2024 Live Kerala News. All Rights Reserved.