മുഖ്യമന്ത്രി പിണറായി വിജയന്‍ ആകാശയാത്രക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം ഇടാക്കിയെന്ന് റിപ്പോര്‍ട്ട്. തൃശൂരിലെ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ തുകയാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. എട്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ചെലവായിരിക്കുന്നത്.
ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാന്‍ തിരുവനന്തപുരത്തേക്ക് ഹെലിക്കോപ്റ്ററില്‍ സഞ്ചരിച്ചെന്നു കാട്ടിയാണ് പണം അനുവദിച്ചത്. ഡിസംബര്‍ 26ന് തൃശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിയ്ക്ക് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. മൂന്ന് മണിക്ക് ഓഖി കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയും അതിന് ശേഷം മന്ത്രിസഭായോഗവും. കഴിഞ്ഞ് അന്നു വൈകീട്ട് 4.30 ന് പിണറായി പാര്‍ട്ടിസമ്മേളന വേദിയിലേക്ക് തിരിച്ചും പറന്നു. ഇതിനായി ഉപയോഗിച്ചത് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററായിരുന്നു.
കഴിഞ്ഞ ആറിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എം. കുര്യന്‍ ആണ് പണം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. സാധാരണ മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാ ചിലവുകള്‍ പൊതുഭരണ വകുപ്പില്‍ നിന്നാണ് നല്‍കുന്നത്.
എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവാദ ഉത്തരവ് റദ്ദാക്കി. ഫണ്ട് വകമാറ്റിയത് അറിഞ്ഞില്ലന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.