യോഗ്യതയില്ലാത്തയാളെ കേരള കാര്‍ഷിക സര്‍വ്വകലാശാല വിസിയാക്കി; ഗവര്‍ണറുടെ നടപടി വിവാദത്തില്‍

കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനം വിവാദമാകുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല വൈസ് ചാന്‍സലറായി രംഗനാഥന്‍ ചന്ദ്രബാബുവിന്റെ നിയമനം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. ചട്ടങ്ങളും നിയമങ്ങളും കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തിയാണ് നിയമനം നടത്തിയിരിക്കുന്നതെന്നും ഇതില്‍ ഗവര്‍ണര്‍ പി സദാശിവം പ്രത്യേക താത്പര്യം നല്‍കിയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

വൈസ് ചാന്‍സലര്‍ പദവിയിലേക്ക് നിയമിക്കപ്പെടാന്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയ്യതി 2017 ഡിസംബര്‍ 21 വൈകിട്ട് അഞ്ച് മണി. 23ന് 11 മണിയോടെ ചാന്‍സലറായ ഗവര്‍ണ്ണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയില്‍ സെര്‍ച്ച് കമ്മിറ്റിയുടെ യോഗം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് മുമ്പ് നിയമന ഉത്തരവ്. അന്ന് തന്നെ വൈകിട്ട് 5.55ന് ചാന്‍സലര്‍ എന്ന നിലയില്‍ 1971 ലെ കേരള സര്‍വ്വകലാശാല ആക്ടിന്റെ സെക്ഷന്‍ 27/2 പ്രകാരം ആര്‍. ചന്ദ്രബാബുവിനെ കേരള കാര്‍ഷികസര്‍വ്വകലാശാല വി.സിയായി നിയമിച്ചു എന്ന് ഗവര്‍ണറുടെ റ്റ്വീറ്റ്. അപ്പോഴാണ് കാര്‍ഷിക മന്ത്രിയടക്കമുള്ളവര്‍ വിവരം പുറത്തറിയുന്നതെന്നാണ് റിപ്പോര്‍ട്ട്.