സ്വന്തം മിസൈൽ ചതിച്ചു; ഉത്തരകൊറിയയിൽ നഗരം തകർന്നതായി റിപ്പോർട്ട്

മിസൈൽ പരീക്ഷണം നടത്തി ലോക സമാധാനത്തിന് ഭീഷണി സൃഷ്ടിക്കുന്ന ഉത്തരകൊറിയയിൽ സ്വന്തം മിസൈൽ തകർന്ന് നഗരം തകർന്നതായി റിപ്പോർട്ട്. വിക്ഷേപിച്ച ഉടനെ തകർന്നുവീണ മിസൈൽ ഉത്തരകൊറിയയിലെ ടോക്ചോൺ നഗരത്തെ ഭാഗികമായി തകർത്തതായാണ് വിവരം.മാസങ്ങൾക്കു മുൻപ് സംഭവിച്ച ഇത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

2017 ഏപ്രിൽ 28 ന് ഹ്വാസോങ്–12 എന്ന മധ്യദൂര ബാലിസ്റ്റിക് മിസൈലാണ് അപകടം വരുത്തിവച്ചതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു ലക്ഷത്തിലേറെ താമസക്കാരുള്ള ടോക്ചോൺ നഗരത്തിലാണ് വിക്ഷേപിച്ച് ഒരു മിനിറ്റിനുള്ളിൽ മിസൈൽ തകർന്നുവീണത്. തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽനിന്ന് 90 മൈൽ അകലെയാണ് ടോക്ചോൺ.

ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അപകടവിവരം പുറത്തായത്. ദ്രവരൂപത്തിലുള്ള ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകൾ തകർന്നുവീണാൽ വൻ സ്ഫോടനം ഉറപ്പാണ്. മിസൈൽ പരീക്ഷണത്തിനു മുൻപ് ടോക്ചോൺ നഗരത്തിലുണ്ടായിരുന്ന ചില ബഹുനിലക്കെട്ടിടങ്ങൾ അതിനുശേഷമുള്ള ചിത്രങ്ങളിൽനിന്ന് അപ്രത്യക്ഷമായതോടെയാണ് അപകടത്തെപ്പറ്റി സംശയമുയർന്നത്. അതേസമയം, അപകടത്തിന്റെ തീവ്രത, ആൾനാശം എന്നിവയെക്കുറിച്ച് സൂചനകളൊന്നുമില്ല.