മുത്തലാഖ് പോരാളി ഇസ്രത്ത് ജഹാൻ ബിജെപിയിൽ ചേർന്നു

മുത്തലാഖിനെതിരെ പോരാട്ടം നടത്തി ശ്രദ്ധയാകർഷിച്ച ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നു. മുത്തലാഖ് വിഷയത്തില്‍ താന്‍ ബിജെപി നിലപാടിനെ പിന്തുണച്ചിരുന്നുവെന്നും പിന്നീട് ബിജെപിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇസ്രത് ജഹാന്‍ പറഞ്ഞു.

ബിജെപി മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജിയാണ് ഇസ്രത് ജഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഇന്നലെയാണ് ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തതിന് ഇസ്രത്തിനെ ലോകെറ്റ് ചാറ്റര്‍ജി അഭിനന്ദിച്ചു.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്ന് ഇസ്രത്ത് ജഹാന്‍ പറയുന്നു. താന്‍ കൂടുതല്‍ സാമൂഹ്യ ഒറ്റപ്പെടലിന് വിധേയയായെന്നും അവര്‍ വ്യക്തമാക്കി. ചിലര്‍ താന്‍ ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുവെന്ന് കരുതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി അവര്‍ വെളിപ്പെടുത്തി.

ഇസ്രത്ത് ജഹാന്റേതടക്കം മുത്തലാഖിലൂടെ വിവാഹമോചിതരായ അഞ്ച് മുസ്!ലിം സ്ത്രീകളുടേതുള്‍പ്പെടെ ഏഴ് ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് മുത്തലാഖ് നിരോധിച്ചത്.