‘ഭരണഘടന തിരുത്താന്‍ ഇനി ആരെങ്കിലും വന്നാല്‍ അവരെ ഞങ്ങള്‍ മാറ്റും’ ഹെഗ്‌ഡേക്കെതിരെ രാംദാസ് അതാവലെ

ഇന്ത്യന്‍ ഭരണഘടന തിരുത്തണമെന്ന് പറഞ്ഞ് വിവാദത്തിലാവുകയും തുടര്‍ന്ന് ലോക് സഭയില്‍ മാപ്പ് പറയുകയും ചെയ്ത കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ഇനി ഭരണഘടന തിരുത്തുമെന്ന് പറഞ്ഞ് വരുന്നവരെ തങ്ങള്‍ മാറ്റിയെടുക്കുമെന്നായിരുന്നു രാംദാസ് വ്യക്തമാക്കിയത്.

‘പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യന്‍ ഭരണഘടനയെ വിശുദ്ധപുസ്തകമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനക്കെതിരായ പ്രസ്താവന നടത്തിയാല്‍ അവർക്കെതിരെ ബി.ജെ.പി തന്നെ നടപടിയെടുക്കും. ഇന്ത്യന്‍ ഭരണഘടന തിരുത്തുക എന്നത് സാധ്യമായ കാര്യമല്ല. അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടാവില്ല. ഇനി ഭരണഘടന തിരുത്തുമെന്ന് പറഞ്ഞുകൊണ്ട് ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരെ തങ്ങള്‍ മാറ്റിയെടുക്കും’ പൂനെയില്‍ വാര്‍ത്താസമ്മേളനത്തില്‍ രാംദാസ് അതാവലെ പറഞ്ഞു.

മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ഹെഗ്‌ഡെയുടെ വിവാദപ്രസ്താവന. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്ന പരിപാടിയിലാണ് ഹെഗ്‌ഡേ പറഞ്ഞത്. പ്രസ്താവനയെ തുടര്‍ന്ന് ഹെഗ്‌ഡേയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. പിന്നീട് താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും ഭരണഘടനയാണ് പരമോന്നതമെന്നും വ്യക്തമാക്കി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.