പുതുവര്‍ഷം മുതല്‍ പഞ്ച് ചെയ്ത് ജോലിക്ക് കയറാത്ത സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ജനുവരി ഒന്നു മുതല്‍ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും പഞ്ചിംഗ് നടത്താത്തവര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സര്‍ക്കുലറില്‍ അറിയിച്ചു.
രാവിലെ 10.15 മുതല്‍ വൈകീട്ട് 5.15 വരെയാണ് പ്രവൃത്തി സമയം. ആഴ്ചയില്‍ മൂന്ന് ദിവസം വരെ രാവിലെ 9.30 മുതല്‍ 5.30 വരെ ജോലി സമയം അനുവദിക്കും. എന്നാല്‍ ഏഴു മണിക്കൂര്‍ ജോലി നിര്‍ബന്ധമായും ചെയ്തിരിക്കണം. വൈകീട്ട് ജോലി അവസാനിക്കുന്ന സമയമായ 5.15 ന് മുമ്പ് പോകുന്നവര്‍ മേലധികാരിയുടെ അനുവാദം വാങ്ങിയിരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. പഞ്ചിംഗിന് അനുവദിച്ചിരിക്കുന്ന 10 മിനുട്ട് ഗ്രേസ് ടൈമിന് പകരം മാസത്തില്‍ 180 മിനുട്ട് ഗ്രേസ് ടൈം അനുവദിക്കും. ഗ്രേസ് ടൈം പരിധി അവസാനിച്ചാല്‍ മൂന്ന് ദിവസം താമസിച്ച് വരുന്നതിനും മൂന്ന് ദിവസം നേരത്തെ പോകുന്നതിനും ഓരോ കാഷ്വല്‍ ലീവ് വീതം കുറവ് വരുത്തുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ആഭ്യന്തരവകുപ്പില്‍ നിന്ന് ജനുവരി അഞ്ചുമുതല്‍ പുതിയ ലാന്‍യാഡും കാര്‍ഡ് ഹോള്‍ഡറും കൈപ്പറ്റണം. പഞ്ചിംഗ് മെഷീനിലൂടെ ഹാജര്‍ രേഖപ്പെടുത്താനാകാത്തവര്‍ നോര്‍ത്ത് ബ്ലോക്കിലെ 117 റൂമിലെ കെല്‍ട്രോണിന്റെ സെല്ലുമായോ, സൗത്ത് ബ്ലോക്കിലെ ഒന്നാം നിലയിലെ സെല്ലുമായോ നേരിട്ട് ബന്ധപ്പെട്ട് ബയോമെട്രിക് വിവരങ്ങള്‍ പുതുക്കേണ്ടതാണെന്നും സര്‍ക്കുലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പഞ്ചിംഗ് സോഫ്റ്റ്വെയറിനെ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചാണ് പഞ്ചിംഗ് നടപ്പാക്കുന്നത്.
അതേസമയം, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നടപ്പിലാക്കുന്ന പഞ്ചിംഗ് തങ്ങള്‍ക്ക് ബാധകമാക്കാനാവില്ലെന്ന വാദവുമായി മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ രംഗത്തു വന്നു. എന്നാല്‍ പ്രൈവറ്റ് സെക്രട്ടറിമാരും നിര്‍ബന്ധമായി പഞ്ചിംഗ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ അടിയന്തര യോഗം ഇന്നലെ വിളിച്ചു ചേര്‍ത്തു. പഞ്ചിംഗ് വിഷയത്തില്‍ അന്തിമ തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ജയരാജന്‍ യോഗത്തില്‍ പറഞ്ഞത്.