കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹം, സിപിഐ പ്രതിപക്ഷം; രൂക്ഷവിമര്‍ശനവുമായി സിപിഐഎം ജില്ലാസമ്മേളനം

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ മോഹമാണെന്ന ആരോപണമുയര്‍ത്തി സി.പി.ഐ.എം ജില്ലാ സമ്മേളനം. പത്തനംതിട്ട ജില്ല സമ്മേളനത്തിലാണ് കാനത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്. സി.പി.ഐ മുന്നണിയില്‍ വേണോ വേണ്ടയോ എന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്യണമെന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിതത്തെ തകര്‍ക്കുന്ന നിലയിലാണ് സി.പി.ഐയുടെ പ്രവര്‍ത്തനം. സി.പി.ഐയാണ് ഇപ്പോള്‍ യഥാര്‍ത്ഥ പ്രതിപക്ഷം എന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. നേരത്തെ തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിവാദത്തില്‍ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനെ സി.പി.ഐ.എം നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

ജില്ലയിലെ വിവിധ ഏരിയ കമ്മറ്റികളുടെ ഗ്രൂപ്പ് ചര്‍ച്ചകളിലും സി.പി.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സി.പി.ഐയുടെ സ്ഥാനാര്‍ഥികളെ ഇനി വിജയിപ്പിക്കണോ എന്ന കാര്യത്തില്‍ വരെ ചര്‍ച്ചയുണ്ടായി. അടൂര്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാര്‍ ഇനി തെരഞ്ഞെടുപ്പില്‍ നിന്നാല്‍ വിജയിപ്പിക്കില്ലെന്ന പരാമര്‍ശമായിരുന്നു പന്തളം ഏരിയാ കമ്മറ്റി ഇന്നലെ ഉയര്‍ത്തിയത്. അതേസമയം പത്തനംതിട്ടയില്‍ പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു.

© 2024 Live Kerala News. All Rights Reserved.