മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്ല് ലോക്‌സഭ അംഗീകരിച്ചത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ്. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസത്തിനോ എതിരല്ലെന്നും രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചു. ഇത് ചരിത്രദിനമാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

മുത്തലാഖിന് ഇരയാകുന്ന സ്ത്രീകള്‍ക്കും നീതി ലഭിക്കണം. ബില്ലിലൂടെ സ്ത്രീ സമത്വമാണ് നടപ്പാക്കുന്നത്.മുസ്‌ലിം രാഷ്ട്രങ്ങളില്‍ പോലും മുത്തലാഖ് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പിന്നീട് എന്തുകൊണ്ട് മതേതരരാജ്യമായ നമ്മുക്കിത് നടപ്പാക്കികൂടാ കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിം വ്യക്തിനിയമമായ ശരീഅത്തില്‍ ഇടപെടുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

വിശ്വാസപ്രമാണ പ്രകാരം മോശമായ ഒരു കാര്യമാണ് മുത്തലാഖ്. അത് നിയമത്തിന്റെ മുന്നിലും മോശം തന്നെയാണ്. സുപ്രീംകോടതി വിധിയിലും അതു തന്നെയാണ് വ്യക്തമാക്കുന്നത്. നമ്മള്‍ മുസ്ലിം സ്ത്രീകളുടെ വേദന മനസിലാക്കണം. 100 ഓളം മുത്തലാഖ് കേസുകളാണ് സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുന്നത്.

അതേസമയം, ബില്ലില്‍ മാറ്റം വേണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ ആവശ്യപ്പെട്ടു. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് സഭയെ അറിയിച്ചു. ജീവനാംശം നിര്‍ണയിക്കുന്നതിലും വ്യക്തത വേണമെന്നും കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടു.

ബില്ലിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.