മോഡി കൃഷ്ണന്റെ അവതാരം, ജിഎസ്ടിയും നോട്ട് നിരോധനവും ചരിത്രമെന്ന് ബിജെപി എംഎല്‍എ

പ്രധാനമന്ത്രി നരേന്ദ്രമോഡി കൃഷ്ണന്റെ അവതാരമാണെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷവും രാജ്യത്ത് മോഡി ഭരണം തുടരുമെന്നും ഒരു പതിറ്റാണ്ടിനുമപ്പുറം അദ്ദേഹം രാജ്യം ഭരിക്കുമെന്നും അഹൂജ പറഞ്ഞു. ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഹൂജ മോഡിയെ കൃഷ്ണനോട് ഉപമിച്ചത്.

വിശിഷ്ടമായ വ്യക്തിത്വമാണ് മോഡിയുടെത്. ഇപ്പോള്‍ പലര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയാനാകുന്നുണ്ടാവില്ല. എന്നാല്‍ സമയമാകുമ്പോള്‍ സത്യങ്ങള്‍ പുറത്തുവരും. കുടുംബ പാരമ്പര്യം കൊണ്ട് മാത്രം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ നമ്മള്‍ കണ്ടു. എന്നാല്‍ മോഡി അദ്ദേഹത്തിന്റെ കുടുംബത്തെ അധികാരവുമായി കൂട്ടിച്ചേര്‍ത്തിട്ടില്ല. അതുകൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ അംഗീകരിക്കാതിരിക്കാനാകില്ലെന്ന് അഹൂജ പറഞ്ഞു. മോഡി സര്‍ക്കാര്‍ കൈക്കൊണ്ട ചരിത്രപരമായ തീരുമാനങ്ങളാണ് നോട്ട് നിരോധനും ജിഎസ്ടിയും എന്ന് അഹൂജ കൂട്ടിച്ചേര്‍ത്തു.

പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയിലെ ക്ഷീരകര്‍ഷകനായ പെഹ്ലു ഖാനെ ഗോസംരക്ഷണ സേന കൊലപ്പെടുത്തിയതില്‍ യാതൊരു ഖേദവുമില്ലെന്നും അഹൂജ പറഞ്ഞു. പശുക്കളെ കടത്തിയ ക്രിമിനലുകളെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു ദിവസത്തിനു ശേഷം പെഹ്ലു ഖാന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശുക്കടത്തിനെതിരെ നമ്മള്‍ എല്ലാ രാത്രിയും ശ്രദ്ധാലുക്കളാകണം. പശുക്കടത്തുകാര്‍ അതിന്റെ എല്ലാം അതിരുകളും ലംഘിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ജനവികാരം ഉയരണമെന്നും അഹൂജ പറഞ്ഞു.